പ്രൊഫ. എ പി അബ്ദുൽ വഹാബിനൊപ്പം അടിയുറച്ച് ഐ എൻ എൽ പ്രവർത്തകർ

0
16

27 വർഷം ഐഎൻഎൽ എന്ന പാർട്ടിക്കൊപ്പം നിഴലായും താങ്ങായും നിലകൊണ്ട വ്യക്തിയെ ആണ് ഇന്ന് ഒരു സംഘം അധികാര മോഹികൾ പാർട്ടിക്ക് പുറത്ത് നിർത്തിയത് എന്ന വികാരം പ്രവർത്തകരിൽ ഉയർന്നിരിക്കു. പ്രതിസന്ധികളിലും പാർട്ടിയെ ചേർത്തുപിടിച്ച സംസ്ഥാന പ്രസിഡൻറ് പ്രൊഫ. എ.പി അബ്ദുൽ വഹാബിനെ ചിലർക്ക് വേണ്ട് ദേശീയ നേതൃത്വം കൈവിട്ടത് പ്രവർത്തകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അനുരഞ്ജന നീക്കങ്ങൾ നടത്തുമ്പോഴും അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉണ്ടാക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കമായി ദേശീയ നേതൃത്വം ഇടപെടുകയും ചെയ്തു. കഴമ്പില്ലെന്ന് കാണിച്ച് നേരത്തെ തള്ളിക്കളഞ്ഞ ആരോപണത്തിൽ അതിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അബ്ദുൾ വഹാബിനെ പുറത്താക്കാനുള്ള കത്ത് കൈമാറിയതാണ് പുറത്തുവരുന്ന വിവരം. ഇത് പ്രവർത്തകർക്കിടയിൽ വൻതോതിൽ പ്രതിഷേധസ്വരം ഉയർത്താൻ വഴിവെച്ചേക്കും. നേരത്തെ തെളിവില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പൊതുസമൂഹത്തിന് മുന്നിൽ എ പി അബ്ദുൽ വഹാബിനെ അപമാനിതൻ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഉന്നയിക്കുന്നു. സംസ്ഥാന നേതൃത്വം അബ്ദുൽ വഹാബിനെതിരെ നിൽക്കുമ്പോഴും കോഴിക്കോട് മലപ്പുറം തുടങ്ങി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ എല്ലാം പ്രവർത്തകർ അബ്ദുൽ വഹാബിന് ഒപ്പമാണ്. പ്രവർത്തകരുടെ പിന്തുണ അബ്ദുൽ വഹാബിന് ആണെന്നും മറുപക്ഷത്തെ ഏതാനും നേതാക്കൾ മാത്രമാണെന്നുമുള്ള തിരിച്ചറിവ് സിപിഎമ്മിനും ഉണ്ട്. ആയതിനാൽ തന്നെ വിഷയത്തിൽ അബ്ദുൽവഹാബിന് അനുകൂലമായ നിലപാട് സിപിഎം കൈക്കൊള്ളുമെന്നാണ് ബഹുഭൂരിഭാഗം പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. നിലവിൽ നേതൃത്വത്തിലുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ പട്ടിയെ ലീഗിൽ കൊണ്ടുചെന്ന് എത്തിക്കാനാണ് ശ്രമിക്കുന്നത് എന്ന ആരോപണം നേരത്തെ സജീവമാണ്, ഇതും പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രമായും കാസർഗോഡും ഇതിൻറെ അലയൊലികൾ ആരംഭിച്ചുകഴിഞ്ഞു. മുൻ പ്രസിഡണ്ടിന് അനുകൂലമായി പ്രവർത്തിച്ചു എന്ന് മുദ്രകുത്തി കാസർഗോഡ് നിരവധി പ്രവർത്തകർക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇതിനെതിരെയും ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. പാർട്ടിയുടെ സ്ഥാപക നേതാവ് സുലൈമാൻ സേട്ട് മുന്നോട്ടുവെച്ച ധാർമിക രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇക്കാലമത്രയും പാർട്ടിയെ നയിച്ച നേതാവാണ് എ പി അബ്ദുൽ വഹാബ്. അതുതന്നെയാണ് അദ്ദേഹത്തിന് പ്രവർത്തകർക്കിടയിൽ ഇത്രമേൽ സ്വീകാര്യത ലഭിക്കാനുള്ള കാരണവും. ചിലർ പാർട്ടിയിലേക്കും ഉടനടി നേതൃനിരയിലേക്കും വന്നതിനുശേഷമാണ് നിലവിലെ പ്രശ്നങ്ങൾ എന്നാണ് പലരും ഉന്നയിക്കുന്നത്. ഇവർക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നതും ആണ്. എന്നിട്ടും ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്ന നിലപാട് കൈക്കൊള്ളുകയാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം എന്ന പാർട്ടിയുടെ മുഖമുദ്രയെ തന്നെയാണ് ഇവർ നശിപ്പിച്ചത്, പാർട്ടിയുടെ സ്ഥാപിത ലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കെതിരായ പ്രതിഷേധം സംസ്ഥാനത്തുടനീളമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും ഉയരുന്നുണ്ട്. വരുംനാളുകളിൽ ഇത് പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് തന്നെ വഴിവെച്ചേക്കും. ഇരുവിഭാഗവും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത് കാന്തപുരം വിഭാഗത്തിന്റെ നേതാവും എ.പി.അബൂബക്കർ മുസല്യാരുടെ മകനുമായ അബ്ദുൽഹക്കീം അസ്ഹരിയായിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച അനുനയ നീക്കങ്ങളെ വഹാബ് പക്ഷം പൂർണമായി പാലിച്ചു എങ്കിലും,എതിർ വിഭാഗം പാടെ തള്ളിക്കളഞ്ഞു. സിപിഎമ്മിൻ്റെ നിർദേശത്തെതുടർന്നാണ് കാന്തപുരം വിഭാഗം വിഷയത്തിൽ ഇടപെട്ടത്. പ്രശ്നപരിഹാരത്തിനായി അവർ മുന്നോട്ടുവെച്ച അനുരഞ്ജന നിർദേശങ്ങൾ പാലിക്കാൻ പോലും എതിർപക്ഷമായ കാസിം ഇരിക്കൂർ വിഭാഗം തയ്യാറായില്ല. ധാർഷ്ട്യത്തോടെ ഉള്ള ഇത്തരം സമീപനത്തിൽ കാന്തപുരം വിഭാഗത്തിനും കടുത്ത അമർഷമുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം എൽഡിഎഫിൽ ഉള്ള ഐഎൻഎലിൻ്റെ നിലനിൽപ്പും പരുങ്ങലിലാകും.