കുവൈത്ത് സിറ്റി: അർദ്ദിയ കൂട്ടക്കൊല കേസിൽ കുറ്റാരോപിതരായ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിൽ രണ്ടാഴ്ചത്തെ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുന്നതിനോടൊപ്പം, സെൻട്രൽ ജയിലിനുള്ളിലെ പോരായ്മകളും സുരക്ഷാ വീഴ്ചകളും അധികൃതർ വിലയിരുത്തന്നുണ്ട്. ഇതേതുടർന്നാണ് സംഭവദിവസം പ്രതിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും വിളിപ്പിക്കുമെന്ന് റിപ്പോർട്ട്.
സംഭവത്തിൽ എത്രയും വേഗം റിപ്പോർട്ട് നൽകാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയിലിലെ അന്തേവാസികൾ നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സെല്ലുകളിൽ റെയ്ഡുകൾ നടത്തും, അതുപോലെ തന്നെ കർശന നിയന്ത്രണത്തോടെ പരിശോധനാ നടപടികൾ കർശനമാക്കും.
പിലോല വെങ്കിടേഷിനെ (35) യാണ്സെ ൻട്രൽ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അർദ്ദിയയിൽ കുടുംബത്തിലെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. കടപ്പ ജില്ലയിലെ ദിന്നപ്പാടു ഗ്രാമത്തിൽ നിന്നുള്ള ഇയാൾ ഏകദേശം രണ്ട് വർഷം മുമ്പാണ് ഭാര്യ സ്വാതിയുമായി കുവൈറ്റിലെത്തിയത്.