കർഫ്യു സമയ നടത്തം പാർപ്പിട പ്രദേശങ്ങൾക്കകത്ത് മാത്രം, വാഹനങ്ങളോ മറ്റ് സംവിധാനങ്ങളോ പാടില്ല

0
32

കുവൈത്ത് സിറ്റി: വൈകുന്നേരം 6 മുതൽ പുലർച്ചെ 5 വരെയെന്ന പുതിയ കർഫ്യു സമയം ഇന്ന് മുതൽ
പ്രാബല്യത്തിൽ വരും. ഇതിനിടെ 6 മണി മുതൽ 8 മണി വരെ അനുവദിച്ചിരിക്കുന്ന കായിക നടത്തം പാർപ്പിട പ്രദേശങ്ങൾക്കകത്ത് മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ കന്ദാരി സ്ഥിരീകരിച്ചു. വാഹനങ്ങൾ, സ്കൂട്ടറുകൾ അല്ലെങ്കിൽ മറ്റ് സ്കേറ്റിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് മുതൽ നടപ്പാക്കും.

നടത്തത്തിനായി അനുവദിച്ച രണ്ട് മണിക്കൂറിനുള്ളിൽ
ആരോഗ്യ ആവശ്യകതകൾ പാലിക്കണം. ശാരീരിക അകലം പാലിച്ച് മൂക്കും വായയും മറയ്ക്കുന്നതിന് മാസ്ക് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് കന്ദാരി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയും ചെയ്തു. നിയമലംഘകർക്ക് എതിരെ നടപടി സ്വീകരിക്കും. നടത്തത്തിനായി നിശ്ചയിച്ചിട്ടുള്ള രണ്ട് മണിക്കൂറിനുള്ളിൽ മറ്റ് പല സംവിധാനങ്ങളും ഉപയോഗിച്ച് കുട്ടികൾ നിയമം ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.