കുവൈത്ത് സിറ്റി: നിരോധിത സംഘടനയായ ഐ എസ് ഐ എസിന് സാമ്പത്തിക സഹായം നൽകിയ കേസിൽ അഞ്ചുപേർക്ക് കഠിനതടവ്. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി സ്വരൂപിച്ച പണം ഉപയോഗിച്ച് ഇവർ മിസൈലും മറ്റ് ആയുധങ്ങളും വാങ്ങിയതായി കണ്ടെത്തിയിരുന്നു. ലെബനീസ് സ്വദേശിയായ പ്രതിക്ക് 15 വർഷവും ഒരു കുവൈത്ത് പൗരൻ ഉൾപ്പെടെ മറ്റു പ്രതികൾക്ക് പത്ത് വർഷവും തടവ് ശിക്ഷയാണ് വിധിച്ചത്.
ISIS ഭീകരർക്കാവശ്യമായ യാത്രാസൗകര്യവും ധനസമാഹരണ മാർഗങ്ങളും സുഗമമാക്കി നൽകുക എന്നതായിരുന്നു ലബനീസ് സ്വദേശിയുടെ ദൗത്യം എന്ന് പോലീസ് പറഞ്ഞു. വെബ്സൈറ്റ് വഴിയാണ് ഇതിനു വേണ്ട കാര്യങ്ങൾ ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. ISIS നേതാക്കളുമായി നിരന്തര ബന്ധം പുലർത്തിയിരുന്നതായി സമ്മതിച്ച ഇയാൾ അവർക്കുവേണ്ടി FN-6 മിസൈൽ പോലുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി ഇടപെട്ടതായും
കുറ്റസമ്മതം നടത്തിയിട്ടുണ്ട്.