കോഴിക്കോട്: 95വർഷം പ്രവർത്തന പാരമ്പര്യമുള്ള സുന്നികളുടെ ആധികാരിക സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. എന്നാൽ ജന്മിത്ത സ്വഭാവം കൈമുതലായുള്ള മുസ്ലിം ലീഗ് നേതാക്കളിന്ന് സമസ്തയുടെ അസ്തിത്വം ചോദ്യംചെയ്യുന്നു, അവർ വച്ചുപുലർത്തുന്ന താൻ കോയ്മയുടെ വ്യക്തമായ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാരെ ഭീഷണിപ്പെടുത്തി തടഞ്ഞതെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. ഇടതുസർക്കാരിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തിയതിന് മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും ഇത് അടിവരയിട്ട് ഉറപ്പിക്കുന്നു.
സമസ്തയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി അതുവഴി പാർട്ടിയുടെ വാലായി മാറ്റിയെടുക്കാനുമുള്ള മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമങ്ങൾക്കെതിരെ, ഫലപ്രദമായ ചെറുത്തുനിൽപ് ആ സംഘടനയുടെ ഭാഗത്തുനിന്ന് താമസിയാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും കാസിം ഇരിക്കൂർ പറഞ്ഞു.
സമസ്തയെ സ്വതന്ത്ര്യമായി പ്രവർത്തിക്കാനോ അതിന്റെ പണ്ഡിതന്മാർക്ക് തങ്ങളുടെ മന:സാക്ഷിക്കൊത്ത് രാഷ്ട്രീയചിന്താഗതി വെച്ചുപുലർത്താനോ ഒരുകാലത്തും മുസ്ലിം ലീഗ് അനുവദിച്ചിരുന്നില്ല. അതിെൻറ ഫലമായാണ് 1989ൽ സമസ്ത പിളരുന്നതും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പണ്ഡിതന്മാർ പുതിയൊരു കൂട്ടായ്മക്ക് രൂപം കൊടുത്ത് മുന്നോട്ടുപോയതും.
ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജിയുടെ നേതൃത്വത്തിലുള്ള ഒരു ക്വട്ടേഷൻ സംഘത്തെയാണ് സമസ്ത നേതാക്കളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താൻ പി.കെ കുഞ്ഞാലിക്കുട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ലീഗും സമസ്തയും ഒറ്റക്കെട്ടാണെന്ന് പ്രചരിപ്പിക്കുന്നത് സമസ്തയെ വരിയുടക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും സുന്നിവോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ കുതന്ത്രങ്ങൾക്കെതിരെ ലീഗ് തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ മനസ്സില്ലാത്ത വലിയൊരു വിഭാഗം സുന്നികൾ താമസിയാതെ പരസ്യമായി രംഗത്തുവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.