ഇടതുസര്‍ക്കാരിന്‍റെ കാലത്ത് നടന്നത് സര്‍വ്വതല സ്പര്‍ശ്ശിയായ വികസനം: മേയര്‍ ആര്യ രാജേന്ദ്രന്‍

0
23

ജിദ്ധ: ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍ വികസനവും ജീവിത പുരോഗതിയും എല്ലാ വിഭാഗത്തിനും പ്രാപ്യമാവുന്ന തരത്തിലായിരുന്നു എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ജിദ്ധ നവോദയ സംഘടിപ്പിച്ച തെക്കന്‍കേരള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ രാജേന്ദ്രന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയെന്നതും പിണറായി സര്‍ക്കാരിന്‍റെ വികസന നയത്തിന്റെ സവിശേഷതയാണ്.അതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയായിരുന്നു ഓരോ വര്‍ഷവും കേരളം കടന്നുപോയത്. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും നിപ്പാക്കും കൊവിഡിനും കേരളത്തിന്റെ വികസന പ്രവർത്തനം തളർത്താനായില്ല. സമ്പൂര്‍ണ്ണവികസനത്തോടൊപ്പം എല്ലാ ദുരന്തങ്ങളെയും സർക്കാരിന് അതിജീവിക്കാനായിഎന്നും അവര്‍ പറഞ്ഞു.
ലൈഫ് മിഷനു കീഴില്‍ 3 ലക്ഷത്തിനടുത്ത് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന നേട്ടവും സർക്കാറിന് അവകാശപ്പെടാനുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ ഹൈടെക് വിദ്യാലയങ്ങളാക്കിമാറ്റുക എന്ന ലക്ഷ്യവും വലിയ പുരോഗതിയിലാണ്. താഴേക്കിടയില്‍ ഉന്നതനിലവാരമുള്ള രോഗീസൗഹൃദ ആരോഗ്യസേവനം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം മിഷനിലൂടെ, രാജ്യാന്തരതലത്തില്‍ ഉള്ള താലൂക്ക്, ജില്ലാ ആശുപത്രികള്‍, ആരോഗ്യരംഗത്ത് വിപ്ലവംതന്നെ സൃഷിച്ചു. ഇത് കോവിഡ്19 പ്രതിരോധത്തിൽ വലിയ പങ്ക് വഹിച്ചു. ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും നിയമനം നടത്താനും പിണറായി സര്‍ക്കാറിന് കഴിഞ്ഞു. ജലാശയങ്ങളുടെജലാശയങ്ങളുടെ നവീകരണം, കൃഷിഭൂമിയുടെ വിപുലീകരണം, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകളാണ് ഹരിത കേരളം മിഷന്‍ വഴി നടപ്പാക്കിവരുന്നത്.

അതോടൊപ്പം തന്നെ പ്രകടനപത്രികയില്‍ പറയാത്ത നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിനും, ഈ കാലയളവില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതിനും കഴിഞ്ഞിട്ടുണ്ട് എന്നത് ഏവരും അംഗീകരിക്കുന്നതാണ്. ഫെഡറല്‍ ഘടനയ്ക്കകത്താണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ അഖിലേന്ത്യാ തലത്തില്‍ രൂപീകരിക്കപ്പെടുന്ന പല നയങ്ങളും സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിത്തീരുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തില്‍ തുടങ്ങി വികലമായ ജി.എസ്.ടിയുടെ നടപ്പിലാക്കലും പോലുള്ളവ ഇത്തരം പ്രതിസന്ധികള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചവയാണ്. ദുരന്തം നേരിട്ട നമ്മുടെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ ലഭ്യമായില്ല എന്ന പ്രശ്നവും ഇക്കാലയളവില്‍ തന്നെ ഉയര്‍ന്നുവരികയും ചെയ്തു. വികസനത്തിന് ഏറ്റവും പ്രധാനമായൊരു ഘടകമാണ് സമാധാനപൂര്‍വ്വവും ഐക്യത്തോടെയുമുള്ള ജനങ്ങളുടെ ജീവിതം. അത് രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ ഇടപെടല്‍ നടത്താനും ഈ കാലയളവില്‍ കഴിഞ്ഞു. ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ലോകത്തെമ്പാടുമുള്ള വിജ്ഞാനങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കാനും അതിനെ നമ്മുടെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുക എന്ന നയം സര്‍ക്കാര്‍ നടപ്പിലാക്കി.
കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു മഹാ പ്രസ്ഥാനമായി പ്രതിരോധ പ്രവര്‍ത്തനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന മാതൃകയാക്കി ഇത് മാറ്റാനും കഴിഞ്ഞുവെന്നത് കേ രളീയര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നുമാണ്. ജനപങ്കാളിത്തത്തോടെയുള്ള വികസനം നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
നാലുവര്‍ഷവും വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ദുരന്ത നിവരാണ ദൗത്യം കൂടി ഉണ്ടായി എന്നതാണ് നമുക്ക് ഉണ്ടായ പ്രശ്‌നം. ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് പൊരുതിയാണ് കടന്നുവന്നത്. ഒരുഘട്ടത്തിലും പകച്ചുനിന്നില്ല. ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തി.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ ചെയ്ത് താല്കാലികമായി കബളിപ്പിച്ച് വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ്. അതുകൊണ്ടാണ് ചിലര്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് തുറന്നു പറയുന്ന അവസ്ഥയുണ്ടായത്. എല്‍ഡിഎഫ് സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കുന്നതാണ് എന്നതാണ് സര്‍ക്കാര്‍ നയം. അതുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാവര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കും
അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ മതേതര- പുരോഗമന മാനവിക പക്ഷം വിജയിക്കണം. വര്‍ഗീയ, ജാതീയ, മതതീവ്രവാദ, പിന്തിരിപ്പന്‍ ശക്തികള്‍ പരാജയപ്പെടണം. ഫാസിസത്തെ ജനാധിപത്യ വിപുലീകരണംകൊണ്ടാണ് നേരിടേണ്ടത് ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിച്ചു പരിഹാരമുണ്ടാക്കുന്നതില്‍ എന്നും മുന്നില്‍ നില്‍കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ജയിച്ചു വരേണ്ടത് എന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം,പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, റഫീഖ് പത്തനാപുരം, മാത്യു തബൂക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. സുജാഹി മാന്നാർ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.