കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. ജോജുവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.
ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിൽ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ജോജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അദ്ദേഹത്തിൻറെ വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്.
അതേസമയം ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുന്‍ മേയര്‍ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.