മലയാളികള്‍ക്കായി വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോര്‍ദാന്‍ സ്വദേശി

കോവിഡിന്റെ കെട്ടവാര്‍ത്തകള്‍ക്കിടയിലും കുവൈത്തില്‍ നിന്ന മനസ്സുനിറയ്‌ക്കുന്നൊരു വാര്‍ത്ത, ജന്മംകൊണ്ട്‌ മലയാളിയല്ലെങ്കിലും മനസ്സുകൊണ്ട്‌ മലയാളികളെയും മലയാളക്കരയെയും ആവോളം സ്‌നേഹിക്കുന്നൊരാള്‍. നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും ജോര്‍ദാന്‍ സ്വദേശിയായ ഫാദി ഫായിസ് അല്‍ സുഹൈറിന് കേരളക്കര ഏറെ പ്രിയപ്പെട്ടതാണ്‌. വാക്‌സിനേഷനുമായി ബന്ധപ്പെട്ട്‌ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചറിഞ്ഞ അദ്ദേഹം വാക്‌സിന്‍ ചലഞ്ചിലേക്ക്‌ ഒരു ലക്ഷം രൂപയാണ്‌ സംഭാവനയായി നല്‍കിയത്‌. കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം വണ്‍ ഗ്രൂപ്പ്‌ എന്ന പ്രമുഖ നിര്‍മ്മാണ സ്ഥാപനത്തിന്റെ സിഇഒ ആണദ്ദേഹം.

കോവിഡും തുടര്‍ന്ന്‌ വന്ന ലോക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളും മൂലം സാധാരണക്കാരായ കോടിക്കണക്കിന്‌ ജനങ്ങളാണ്‌ ബുദ്ധിമുട്ടിലായത്‌. എന്നാല്‍ കേരളം ഇതിനെ നേരിട്ടത്‌ തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലും, ആരും വിശന്നിരിക്കരുതെന്ന നിര്‍ണ്ണായക തീരുമാനത്തിലൂടെ ഓരോ വിടുകളിലും ഭക്ഷണക്കിറ്റെത്തിച്ച വിപ്ലവകരമായ നടപടിയെക്കുറിച്ചും മുഖ്യ മന്ത്രി പിണറായി വിജയനെക്കുറിച്ചും മാധ്യമങ്ങളിലൂടെ ഫാദിയും മനസ്സിലാക്കി. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാട്ടിയ മാതൃകയും അതുവഴി കേരളത്തിലെ ഭരണകര്‍ത്താക്കളെക്കിറിച്ചുള്ള അദ്ദേഹത്തിന്റെ മതിപ്പും വര്‍ധിച്ചു.

പ്രൈം വണ്‍ ഗ്രൂപ്പ്‌ എന്ന തന്റെ സ്ഥാപനത്തിലെ ജീവനക്കാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്നതും ഇതിന്‌ കാരണമായി. കുവൈത്തില്‍ നിന്നും പ്രവാസാ സംഘടനകള്‍ നടത്തുന്ന കോവിഡ്‌ പ്രതിരോധ സഹായങ്ങളിലും അദ്ദേഹം ഭാഗഭാക്കാണ്‌.

കഴിഞ്ഞ പ്രളയകാലത്തും ഫാദി ഫായസ്‌ അല്‍ സുഹൈർ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക്‌ സഹായം നല്‍കിയിരുന്നു. കുവൈത്ത്‌ ഐഎംസിസി മുഖേന അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്‌. കേരളത്തിന്‌ പുറത്ത്‌ ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഐഎംസിസി നടപ്പാക്കുന്ന സ്വയംതൊഴില്‍ സഹായക പദ്ധതികളിലും അദ്ദേഹം സഹായം നല്‍കിയിരുന്നു.