ന്യൂഡൽഹി: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. മുൻ അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായതിന് ശേഷം ദീർഘനാളായി അധ്യക്ഷപദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആയ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകൾ നേരത്തെ തന്നെ ഉയര്‍ന്നുവന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണുണ്ടായത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്.
എബിവിപിയിലുടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കെ.സുരേന്ദ്രൻ, യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയായി.
കാസർകോട് മണ്ഡലത്തിൽനിന്ന് രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും മത്സരിച്ചു. വിജയിക്കാനായില്ലെങ്കിലും നല്ലൊരു ശതമാനം വോട്ട് പിടിക്കാൻ ബിജെപി നേതാവിന് കഴിഞ്ഞിരുന്നു.