മലപ്പുറം: മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെയും ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഇ ഡി നോട്ടീസ് അയച്ചിരുന്നു. കോഴിക്കോട് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്. ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ നൽകിയിരിക്കുന്ന നിര്‍ദേശം. മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു. എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ജലീൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.