കടയ്ക്കാവൂർ പീഡന കേസ്; അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം

0
15

കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. വൈദ്യപരിശോധനയിലും ആരോപണത്തിന് തെളിവില്ല . മകന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിക്കു കൈമാറി.

13 കാരനായ മകനെ അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് മുൻ ഭർത്താവ് പരാതി നൽകിയത്. പോക്സോ കുറ്റം ചുമത്തി അമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പക്ഷേ പിന്നീട് പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേസില്‍ പ്രതിചേര്‍ക്കാന്‍ അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അമ്മയ്ക്കെതിരെ ഇത്തരം നീചമായ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും മസ്തിഷ്ക പ്രക്ഷാളനം നടത്തുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിയമാനുസൃതം അവർക്കെതിരെ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി അന്ന് പൊലീസിനു നിർദേശം നൽകിയിരുന്നു.