കല കുവൈറ്റ്‌ മെമ്പർഷിപ്പ്‌ ഐഡി കാർഡുകൾ ഇനി മുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക്.

0
32

കുവൈറ്റ് സിറ്റി: പുതു ചരിത്രം രചിച്ച് കല കുവൈറ്റ്. നൂതന സാങ്കേതിക വിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കല കുവൈറ്റിന്റെ നിലവിലുള്ള ഐഡി കാർഡുകൾ ഒഴിവാക്കി ഡിജിറ്റൽ ഐഡി കാർഡിലേക്കു മാറുന്നതിന്റെയും, കല കുവൈറ്റിന്റെ മൊബൈൽ ആപ്പ് നിലവിൽ വരുന്നതിന്റെയും ഔദ്യോഗിക ഉദ്‌ഘാടനം കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ശ്രീ എൻ. അജിത് കുമാർ നിർവഹിച്ചു. കലയുടെ മുതിർന്ന അംഗങ്ങളായ ശ്രീ.എൻ. അജിത് കുമാർ, ശ്രീ. സാം പൈനുംമൂട്, ശ്രീ പി.ആർ. ബാബു എന്നിവരുടെ ഡിജിറ്റൽ ഐഡി കാർഡ് പ്രദർശിപ്പിച്ചായിരുന്നു ഉദ്ഘാടനം നടത്തിയത്. ഇതോടെ കല നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെ അറിയിപ്പുകളും അംഗങ്ങൾക്ക് നേരിട്ട് ലഭ്യമാകും എന്ന പ്രത്യേകത കൂടി ഈ സംവിധാനത്തിലുണ്ട്. കൂടാതെ അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ, ഐഡി നമ്പർ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകുന്നതാണ്. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് അപ്പിന്റെയും ഡിജിറ്റൽ ഐഡിയുടെ പ്രവർത്തനത്തെക്കുറിച്ചും കലയുടെ ജോയിന്റ് സെക്രട്ടറി ആസഫ് അലി വിശദീകരണം നൽകി. കലയുടെ 4 മേഖലകൾ കേന്ദ്രീകരിച്ചു ഡിജിറ്റൽ ഐഡി കാർഡിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത്തരത്തിലുള്ള
നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ സംഘടനാ പ്രവർത്തനങ്ങളിൽ വേറിട്ടൊരു മുഖമായി മാറാനും, പ്രവർത്തനങ്ങളിലെ വൈവിധ്യം മൂലം കൂടുതൽ ഉയർച്ചയിലേക്കു വളരാനും സംഘടനക്ക് സാധിക്കുമെന്നും ചടങ്ങിൽ സംസാരിച്ചുകൊണ്ടു കലയുടെ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തപ്പെട്ട ഈ പരിപാടിക്ക് കല കുവൈറ്റ് ട്രഷറർ ശ്രീ പി.ബി സുരേഷ് നന്ദി പറഞ്ഞു.