കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്ത ആദ്യ വിമാനം കുവൈത്തിൽ നിന്നും ഇന്ന് (12/06/2020) വൈകുന്നേരം 4:50 നു കൊച്ചിയിലേക്ക് പുറപ്പെട്ടു. ഗര്‍ഭിണികൾ, രോഗികൾ, പ്രായാധിക്യത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങി മുൻഗണനാ ക്രമത്തിലുള്ള 322 പേരും 10 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 332 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. നാട്ടിൽ സമർപ്പിക്കുന്നതിനാവശ്യമായ ഡിക്ലറേഷൻ ഫോമുകൾ, ലഘു ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാത്രക്കാർക്കായി ഏർപ്പെടുത്തിയിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും യാത്രയായത്. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ കല കുവൈറ്റ് നടത്തുന്ന ഇടപെടലുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. ആദ്യ ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കുവൈറ്റ് എയർവേസ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും രണ്ടാം ഘട്ട യാത്രയ്ക്കുള്ള പ്രവർത്തനങ്ങൾ തുടരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.
Home Kuwait Associations 332 യാത്രക്കാരുമായി കല കുവൈറ്റിന്റെ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിലേക്ക് പറന്നു.