കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍‌വലിക്കുക: കല കുവൈറ്റ് വാര്‍ഷിക കണ്‍‌വെന്‍ഷന്‍.

0
38

കുവൈറ്റ് സിറ്റി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷകര്‍ക്കെതിരായ കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് വാര്‍ഷിക കണ്‍‌വെന്‍ഷന്‍ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കല കുവൈറ്റ് വാര്‍ഷിക കൺവെൻഷൻ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി സി. കെ നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് നാല് മേഖലയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായ ഒഴിവിലേക്ക് ടി.വി ജയനെ ഉൾപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്ത്, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ. സജി എന്നിവർ കണ്‍‌വെന്‍‌ഷന്‌ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡണ്ട് വി വി രംഗൻ അനുശോചന പ്രമേയവും, കലയുടെ മുൻ ഭാരവാഹി ആർ നാഗനാഥൻ ക്ഷേമനിധി ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശവും, കർഷക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം രജീഷ് പുല്ലാടും അവതരിപ്പിച്ചു. കൺവെൻഷന് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ആസഫ് അലി അഹമ്മദ് സ്വാഗതവും ട്രഷർ പി. ബി സുരേഷ് നന്ദിയും രേഖപ്പെടുത്തി. ഓൺലൈനായി നടത്തിയ കൺവെൻഷനില്‍ നാല് മേഖല കണ്‍‌വെന്‍‌ഷനുകളില്‍ നിന്നും നിന്നും തെരെഞ്ഞെടുക്കപെട്ട 240 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളുംഉൾപ്പടെ 265 പേർ പങ്കെടുത്തു.