ഫോക്ക് – കണ്ണൂർ മഹോത്സവം 2019 നവംബർ എട്ടിനു വെള്ളിയാഴ്ച്ച

 

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)ന്റെ പതിനാലാം പ്രവർത്തനവർഷത്തിന്റെ  വാർഷികാഘോഷം “കണ്ണൂർ മഹോത്സവം 2019”  നവംബർ എട്ടിനു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ കുവൈറ്റ് യൂണിവേഴ്സിറ്റി, ഖാൽദിയ്യ തീയേറ്ററിൽ വെച്ച് നടത്തപ്പെടുന്നു.

 

മലയാള  കലാരംഗത്തെ  പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന മ്യൂസിക്കൽ മെഗാഷോയിൽ, മലയാള സിനിമാ രംഗത്തെ പ്രശസ്ത യുവ  പിന്നണി  ഗായകൻ  കെ.സ് ഹരിശങ്കർ, വയലിൻ  ആർട്ടിസ്റ്റ് രൂപ രേവതി, കീബോർഡ്/ ഗിറ്റാർ ആർട്ടിസ്റ്റ് സുമേഷ് ആനന്ദ്,ഡ്രമ്മർ ജാഫർ, മണ്മറഞ്ഞ അനുഗ്രഹീത ഗായകൻ ശ്രീ കണ്ണൂർ സലീമിന്റെ മക്കൾ സജില സലിം, സലീൽ സലിം ,കോമഡി ഉത്സവം ഫെയിം രാജേഷ് അടിമാലി തുടങ്ങിയ പ്രശസ്ത കലാകാരൻമാർ ചേർന്ന് ഹാസ്യ-സംഗീത വിരുന്നൊരുക്കും.

 

കണ്ണൂരിന്റെ അഭിമാനങ്ങളായിരുന്ന സംഗീത കുലപതി, യശ്ശശരീനായ പത്മശ്രീ. കെ.രാഘവൻ മാസ്റ്റർക്കും അന്തരിച്ച മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയ്ക്കുമുള്ള ഫോക്കിന്റെ സ്മരണാഞ്ജലി തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്.

 

കല,കായിക ,സാംസ്കാരിക ,കാർഷിക , ആരോഗ്യ, സന്നദ്ധപ്രവർത്തനം തുടങ്ങിയ മേഖലകളിൽ സമഗ്ര/മികച്ച സംഭാവന നൽകിയ കണ്ണൂർ ജില്ലയിലെ മഹത് വ്യക്തികൾ/സംഘടനകൾ എന്നിവർക്കു നൽകി വരുന്ന 25000 രൂപയും ശിൽപ്പി  ശ്രീ കെ.കെ.ആർ വേങ്ങര രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പന്ത്രണ്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് ചിത്രകാരൻ, ചരിത്രകാരൻ , ഫോട്ടോഗ്രാഫർ, പ്രാസംഗികൻ, നിരൂപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനും നിരവധി  ബഹുമതികൾ നേടുകയും ചെയ്ത  കലകളുടെ കുലപതി ശ്രീ,കെ.കെ മാരാർ എന്ന കൃഷ്ണ കുമാർ മാരാർക്കു വേദിയിൽ കൈമാറും. ജൂറി അംഗങ്ങളായ ശ്രീകെ.കെ.ആർ.വേങ്ങര, ശ്രീ.ദിനകരൻ  കൊമ്പിലാത്ത്, ശ്രീ.ചന്ദ്രമോഹൻ കണ്ണൂർ എന്നിവർ ചേർന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  ശ്രീ. വിജയേഷ്. കെ.വി (കൺവീനർ)ശ്രീ. ജോസഫ് മാത്യു, ശ്രീ.രാജീവ്.എം.വി എന്നിവരാണ്  അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച  കുവൈറ്റിലെ കമ്മിറ്റി അംഗങ്ങൾ.

 

കുവൈറ്റിലും ഇന്ത്യയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ് സാമൂഹ്യ സേവനത്തിന്റെ പത്തൊൻപതു വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ  മഹോത്സവ വേദിയിൽ വച്ച് ആദരിക്കും.

ചടങ്ങിൽ ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ്  അവാർഡുകൾ സമ്മാനിക്കും.

 

ജില്ലയിലുണ്ടായ പ്രളയദുരിതാശ്വാസം ഉൾപ്പെടെ പത്തു ലക്ഷത്തിൽ പരം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഈ  വർഷത്തിൽ ഫോക്ക്  ചെയ്തിട്ടുണ്ട്.

 

ഫർവാനിയ ഷെഫ് നൗഷാദ് ഹാളിൽ  വെച്ചു  നടന്ന പത്രസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്റ് കെ ഓമനക്കുട്ടൻ,  ജനറൽ സെക്രട്ടറി സേവ്യർ  ആന്റണി, ട്രഷറർ വിനോജ് കുമാർ,  പ്രോഗ്രാം കൺവീനർ സലിം എം.എൻ, വനിതാവേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ്, അവാർഡ് കമ്മിറ്റി കൺവീനർ വിജയേഷ്, മീഡിയ കൺവീനർ ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.