കരിപ്പൂർ വിമാന അപകടത്തിന് കാരണമായത് പൈലറ്റിൻ്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം ലാൻഡ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് മാറി വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിരുന്നതായും എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു.
വിമാനത്തിൻ്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിൻ്റെ തീരുമാനങ്ങൾ പിഴച്ചു. സമാന സാഹചര്യത്തിൽ മുൻപ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു. മോശം കാലാവസ്ഥയിൽ വിമാനത്തിൻ്റെ വൈപ്പർ ശരിയായി പ്രവർത്തിച്ചില്ല. തെറ്റായ ലാൻഡിംഗാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റൺവേയിൽ 4438 അടിയിൽ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.