കാസിം ഇരിക്കൂറിനെ INL ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ പ്രസിഡന്റ് അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാ​ഗം തീരുമാനിച്ചു.ഇന്ന് കൊച്ചിയിൽ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇത്. അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ മൂന്നം​ഗ സമതിയെ നിയോ​ഗിക്കാനും തീരുമാനമായി.

സെക്രട്ടറിയേറ്റ് യോഗവും പ്രവർത്തക സമിതി യോഗവും ചേരണമെന്ന ആവശ്യം സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബ് അനുകൂലികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെക്രട്ടറിയേറ്റ് യോഗം ചേരാൻ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ തയ്യാറായിരുന്നില്ല, പിന്നീട് സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രസിഡന്റ് അബ്ദുൾ വഹാബ് ദേശീയ നേതൃത്വത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കൊച്ചിയിൽ സെക്രട്ടറിയേറ്റ് യോഗവും, ഉച്ചയ്ക്ക് പ്രവർത്തക സമിതി യോഗവും ചേരാൻ തീരുമാനിക്കുകയായിരുന്നു.

മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും, പി എസ് സി അംഗത്തിന്റെ കോഴ വിവാദത്തിലും പാർട്ടിക്കകത്ത് അതൃപ്തിയുണ്ട്. ലീഗുമായുള്ള മന്ത്രിയുടെ അടുപ്പം തന്നെയാണ് മറ്റൊരു വിഷയം. ഇത് മുന്നണിക്കകത്തും ചർച്ച നടന്നിരുന്നു. മന്ത്രിയുടെ നടപടിയിൽ പാർട്ടിക്കും, എൽഡിഎഫിനും അതൃപ്തിയുണ്ട്.

നേരത്തെ മുസ്ലീം ലീഗുമായി നേരിട്ട് ചർച്ചകൾ നടത്തിയാണ് മന്ത്രിയുടെ പ്രവർത്തനമെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മന്ത്രിയും പാർട്ടിയും രണ്ടഭിപ്രായങ്ങളാണ് സ്വീകരിച്ചത്. ഇത് എൽഡിഎഫിൽ വിമർശനത്തിന് കാരണമായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഐഎൻഎല്ലിന്റെ നേതാക്കൾ തമ്മിൽ പരസ്യമായി കയ്യാങ്കളിയിലെത്തിയത്.