കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ പ്രത്യേക കോടതിയിൽ ഹാജരായി. കഴിഞ്ഞ മേയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിലെ പ്രധാന പ്രതിയായ പൾസർ സുനി ആക്രമണ ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര കേന്ദ്രത്തിലെത്തി മെമ്മറി കാർഡ് കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു.
മുന്നൂറോളം സാക്ഷികളുള്ള കേസിൽ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂർത്തിയായത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അക്രമിക്കപ്പെട്ട നടിയാണ് ഒന്നാം സാക്ഷി. മഞ്ജു വാര്യര്‍ 11-ാം സാക്ഷിയും ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 34-ാം സാക്ഷിയുമാണ്. നടന്‍ സിദ്ധിഖ് 13ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57ാം സാക്ഷിയുമാണ്. കേസില്‍ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.