കെഫാക്   യൂണിയന്‍ കോണ്‍ട്രാക്ടസ്  അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 24 ന് കിക്കോഫ് .

0
21

മിശ്രിഫ്   : കേരള എക്സ്പറ്റ് ഫുട്ബോള്‍ അസോസിയേഷന്‍  കുവൈത്ത്  യൂണിയന്‍ കോണ്‍ട്രാക്ടസ്  സഹകരിച്ച്  സംഘടിപ്പിക്കുന്ന ഏഴാമത്   അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്  വൈകിട്ട് രണ്ട് മണി  മുതല്‍ ബായനിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും . കുവൈത്തിലെ ജില്ലാ  അസോസിയേഷനുകളുമായി  സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ആയിരത്തോളം  മലയാളി താരങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍   വിവിധ  ജില്ലകള്‍ക്കായി ബൂട്ടണിയും . രണ്ടര മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം , ഏറണാകുളം , തൃശൂര്‍ , മലപ്പുറം , പാലക്കാട് ,കോഴിക്കോട്  , കണ്ണൂര്‍ , കാസര്‍കോട് എന്നീ  ജില്ലാ ടീമുകള്‍ പങ്കെടുക്കും.  ലീഗ് കം  നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്  .കേരളത്തിലെയും  പ്രവാസി ഫുട്ബോളിലെയും  പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍  അണിനിരക്കുന്ന  മാസ്റ്റേര്‍സ് ലീഗും , യുവതാരങ്ങള്‍  കൊമ്പുകോര്‍ക്കുന്ന സോക്കര്‍ ലീഗുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പില്‍  മുന്നിലെത്തുന്ന ആദ്യ  നാല് ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും.  സെമി ഫൈനല്‍  മത്സര ക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കും അന്തര്‍ജില്ല സോക്കര്‍ ലീഗില്‍   ഇന്ത്യയിലെ വിവിധ  പ്രൊഫഷനല്‍ ക്ലബുകളായ സെസ ഗോവ , മുംബൈ എഫ്‌സി , എഫ്‌.സി കൊച്ചിന്‍ , വിവകേരള , ടൈറ്റാനിയം , സെന്‍ട്രല്‍ എക്‌സൈസ് , എസ്ബിടി തുടങ്ങിയ ക്ലബുകളിലും കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിലും യൂണിവേഴ്സിറ്റി തലങ്ങളിലും  തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നു. മത്സരത്തില്‍ മാറ്റൊരുക്കുന്ന ജില്ലാ ടീമുകള്‍ക്ക് മൂന്ന് അതിഥി താരങ്ങളെ അതാത് ജില്ലകളില്‍  നിന്ന് പങ്കെടുപ്പിക്കാന്‍   അവസരമുണ്ടായിരിക്കും.

എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് മണി  മുതല്‍  ഇരു കാറ്റഗറിയിലുമായി  നാല്  മത്സരങ്ങള്‍ വീതം നടക്കും. കെഫാകിലെ വിവിധ ക്ലബ്ബുകളില്‍ അണിനിരന്നിട്ടുള്ള ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ ജില്ലകള്‍ക്കായി പോരാടുന്ന ആവേശകരമായ ഫുട്‌ബോള്‍ ഉത്സവമാണ് വരുന്ന രണ്ടര  മാസക്കാലം കുവൈത്തില്‍ അരങ്ങേറാന്‍ പോകുന്നത്.  ഉല്ഘാടന മത്സരത്തില്‍ മാസ്റ്റേര്‍സ് ലീഗില്‍  കോഴിക്കോട് എറണാകുളത്തോടും സോക്കര്‍  ലീഗില്‍  കണ്ണൂര്‍ മലപ്പുറത്തോടും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി  കെഫാക് ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ കേഫാക്  ജനറല്‍  സെക്രട്ടറി വി എസ്  നജീബ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷാജഹാന്‍  യൂണിയന്‍ കോണ്ട്രാക്ട്‌സ് പ്രതിനിധി   ഫിറോസ് അഹ്മദ്’ ട്രഷറര്‍ തോമസ് , സ്പോ ട്സ് സെക്രട്ടറി അബ്ബാസ് എന്നീവര്‍ പങ്കെടുത്തു