കുവൈത്ത് സിറ്റി : കെഫാക് സോക്കര്‍ ലീഗില്‍ സിൽവർസ്റ്റാറും മാസ്‌റ്റേഴ്‌സ് ലീഗിൽ മാക് കുവൈത്തും കിരീടം നേടി. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശ പോരാട്ടത്തില്‍ മുൻ ചാമ്പ്യൻമാരായ ചാമ്പ്യൻസ് എഫ് സിയെ സിൽവർസ്‌റ്റാര്‍ പരാജയപ്പെടുത്തി സോക്കര്‍ ലീഗ് കിരീടം ചൂടി. നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി ആദ്യപകുതിയിൽ ആൽബിനിലൂടെ ചാമ്പ്യൻസ് എഫ് സിയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ താളം വീണ്ടെടുത്ത സിൽവർസ്റ്റാർ വേഗതയേറിയ നീക്കങ്ങൾകൊണ്ട് ചാമ്പ്യൻസ് എഫ് സിയുടെ ഗോൾ മുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തി.ഇരു പകുതികളിലും വട്ടമിട്ടുനിന്ന പന്ത് ഗോൾ പോസ്റ്റുകള്‍ മുട്ടിയുരുമ്മിയെങ്കിലും ഗോളുകളാക്കുവാന്‍ സാധിച്ചില്ല. രണ്ടാം പകുതി അവസാനിക്കും മുമ്പ് ഗോള്‍ നേടി രാഹുൽ സിൽവർ സ്റ്റാറിന്‍റെ രക്ഷകനായി. ഇരു ടീമുകളും അധികമസമയത്തും സമനില പാലിച്ചപ്പോൾ ടൈബ്രെക്കറിലാണ് സിൽവർ സ്റ്റാർ ജേതാക്കളായത്. സോക്കർ ലീഗിലെ ലൂസേഴ്‌സ് ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജപ്പെടുത്തി മൂന്നാം സ്ഥാനം നേടി . യങ് ഷൂട്ടേർസിന് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർ സുറൂദ് ഹാട്രിക് ഗോളുകൾ നേടി.
മാസ്റ്റേഴ്സ് ലീഗില്‍ ടൈബ്രെക്കറിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബിഗ്‌ബോയ്സിനെ പരാജയപ്പെടുത്തി മാക് കുവൈത്ത് ലീഗ് കിരീടം കരസ്ഥമാക്കിയത്.

ഇരു പകുതികളിലുമായി നിരവധി അവസരങ്ങള്‍ ടീമുകള്‍ക്ക് ലഭിച്ചെങ്കിലും ഗോളിലെത്തിക്കാന്‍ സാധിച്ചില്ല. പന്ത് വരുതിയിൽ നിർത്തുന്നതിൽ മുൻതൂക്കം പുലർത്തിയ മാക് കുവൈത്ത് തന്നെയാണ് കൂടുതല്‍ അവസരങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്ന് അധിക സമയവും ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീങ്ങുകയായിരുന്നു. മാസ്റ്റേഴ്സ് ലീഗിലെ ലൂസേഴ്‌സ് ഫൈനലിൽ ബ്രദേഴ്‌സ് കേരള സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി .
മാസ്റ്റേഴ്സ് ലീഗിൽ പ്ലയെർ ഓഫ് ദി ടൂർണമെന്റായി സലിം (മലപ്പുറംബ്രദേഴ്‌സ് ), ഗോൾ കീപ്പറായി ഫാറൂഖ് (മാക് കുവൈത്ത് ), ഡിഫൻഡറായി റാസിഖ് (ബ്രദേഴ്‌സ് കേരള ), ടോപ് സ്‌കോററായി ഉമ്മർ (അൽശബാബ് എഫ് സി ) എന്നിവരെയും സോക്കർ ലീഗിൽ പ്ലയെർ ഓഫ് ദി ടൂർണ്ണമെന്റായി പ്രദീപിനേയും (ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് ), ഗോൾ കീപ്പറായി ഷൈജലിനേയും (സിൽവർ സ്റ്റാർസ് എസ് സി ), ഡിഫൻഡറായി ജിതേഷിനേയും (ബോസ്കോ ചാമ്പ്യൻസ് എഫ് സി ), ടോപ് സോകോററായി ഇബ്രാഹിംകുട്ടിയേയും (മാക് കുവൈത്ത് ), എമേർജിങ് പ്ലയെറായി ഹാഫിലിനേയും (ബോഡിസോൺ റൗദ എഫ് സി ) തിരഞ്ഞെടുത്തു . കുവൈത്ത് നാഷണൽ ഫുട്ബാൾ ടീം ട്രെയിനർ സാന്റി സിദ്ദിഖ് മുഖ്യ അതിഥിയായിരുന്നു. അയ്യൂബ് കേച്ചേരി ( മാനേജിങ് ഡയറക്ടർ ഗ്രാൻഡ് ഹൈപ്പർ ) ഷബീർ അഡ്രസ് , കൂളന്റ് സലിം , ഷാജി (ഫോക്ക് കണ്ണൂർ) , സലിം കൂളന്റ് (KDNA കോഴിക്കോട് ),അനഘ സിദ്ധീഖ് , അബൂബക്കർ , കെഫാക് ഭാരവാഹികളായ ടീ വി സിദ്ദിഖ് , വിഎസ് നജീബ് , കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ഗുലാം മുസ്തഫ , അബ്ദുൾ റഹ്‌മാൻ , ബിജു ജോണി , റോബർട്ട് ബർണാഡ് , പ്രദീപ് കുമാർ , ഷബീർ കളത്തിങ്കൽ , തോമസ് അവറാച്ചൻ , ബേബി നൗഷാദ് , ഫൈസൽ ഇബ്രാഹിം , റബീഷ് , അബ്ബാസ് , നൗഫൽ , ഹനീഫ , അസ്‌വദ് , ഹൈതം ഷാനവാസ് , അമീർ , നാസർ പള്ളത്ത് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു