കേഫാക് അന്തജില്ലാ ടൂര്‍ണമെന്റിന് തുടക്കം; മസ്റ്റേര്‍സ് ലീഗില്‍ കോഴിക്കോടിനും സോക്കര്‍ ലീഗില്‍ മലപ്പുറത്തിനും വിജയം

0
12

ബയാന്‍ (കുവൈത്ത് ) : കേഫാക് അന്തജില്ലാ ടൂര്‍ണമെന്റിന് ഉജ്ജ്വലമായ തുടക്കം. കുവൈത്തി പ്രമുഖന്‍ അലി മുഹമ്മദ് ദുഫൈല ഉല്‍ഘാടനം നിര്‍വ്വഹിച്ചു. യൂണിയന്‍ കോണ്ട്രാക്ട്സ് സി.ഇ.ഒ ഫിറോസ് അഹമ്മദ്, വിവിധ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ , കേഫാക് ഭാരവാഹികള്‍ എന്നീവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റേര്‍സ് ലീഗില്‍ കോഴിക്കോടും എര്‍ണാകുളവും തമ്മില്‍ ഏറ്റുമുട്ടിയ  ഉല്‍ഘാടന മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എര്‍ണാകുളത്തെ കോഴിക്കോട് പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി സഹീര്‍ ഗോള്‍ നേടി. തുടര്‍ന്നു നടന്ന തൃശൂര്‍ കാസര്‍ഗോഡ് മല്‍സരവും, മലപ്പുറം കണ്ണൂര്‍ മല്‍സരവും പാലക്കാട് തിരുവനന്തപുരം മല്‍സരവും സമനിലയില്‍ പിരിഞ്ഞു. യുവ താരങ്ങള്‍ ഏറ്റുമുട്ടിയ സോക്കര്‍ ലീഗില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് കണ്ണൂരിനെ മലപ്പുറം കീഴടക്കി. മലപ്പുറത്തിന് വേണ്ടി വസീമും ജസീലുദ്ദീനും ഗോളുകള്‍ നേടി. തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ രണ്ടാം മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നു നടന്ന എര്‍ണാകുളവും കാസര്‍ഗോഡും തമിലുള്ള മല്‍സരം ഇരു ഗോളുകള്‍ അടിച്ച് സമനിലയിലായി. അവസാന മല്‍സരത്തില്‍ ഏറ്റുമുട്ടിയ കോഴിക്കോടും പാലക്കാടും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഫോട്ടോ കാപ്ഷന്‍ :  കാസര്‍ഗോഡ് എര്‍ണാകുളത്തെ നേരിടുന്നു