വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ ഏതിപ്പില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഴിഞ്ഞത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നിര്‍മാണം തടസപ്പെടുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട് എത്തിക്കുന്ന നിര്‍മാണ സാമഗ്രഹികള്‍ പ്രതിഷേധക്കാര്‍ തടയുകയാണെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.

ഹര്‍ജി പരിഗണിക്കവെ, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സര്‍ക്കാര്‍ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.