പ്രശസ്ത നാടക- സിനിമാ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു.68 വയസായിരുന്നു. കെ എസ് പ്രേംകുമാർ എന്നാണ് യഥാർത്ഥ പേര്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു.
നാടകത്തിലൂടെ സിനിമാ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 1979ല്‍ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങള്‍’ ആണ്. മലയാളത്തിൽ 250 ചിത്രങ്ങളിൽ വേഷമിട്ടു. ഒപ്പം ടെലി-സീരിയലുകളിലും സജീവമായിരുന്നു.
1955 ജൂൺ ഒന്നിന് തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബിരുദം നേടി.
ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്.
തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് സജീവമാകുന്നത്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
കേരള തീയേറ്റേഴ്സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ പി ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവയിലൂടെ കൊച്ചു പ്രേമൻ നാടകപ്രേമികളുടെ മനസിൽ ഇടംനേടി.
കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ സി കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.