കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടി പൂർണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്.