വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതേസമയം ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്ന് ലത്തീൻ സഭാ പ്രതിനിധി പറഞ്ഞു. ഇതോടെ 136 ദിവസം നീണ്ട സമരത്തിനാണ് പരിസമാപ്തി ഉണ്ടായത്. അതേസമയം ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചിട്ടില്ലെന്നും, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും സമരസമിതി പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിൽവെച്ച് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിച്ചത്. സമരക്കാരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി ഉറപ്പ് നൽകി. മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റ് നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പ് നൽകി. തീരശോഷണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. തുറമുഖ പ്രവർത്തനങ്ങൾ തുടരുമെന്നും ചർച്ചയ്ക്കുശേഷം സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സമരം ഒത്തുതീർപ്പാക്കാൻ സമര സമിതി മുന്നോട്ടുവെച്ചത് നാലാവശ്യങ്ങൾ ആയിരുന്നു. വാടക തുക 8000 ആയി ഉയർത്തണം, വിദഗ്ധസമിതിയിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്തണം, അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം തുടങ്ങിയവയാണ് സമരസമിതി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.