നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ സംസ്കാരം ഇന്ന്

0
33

നാഗ്പൂരിൽ വച്ച് മരണപ്പെട്ട കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു.  തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന നീർക്കുന്നം സ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ ഫാത്തിമയുടെ പിതാവ് ഇന്നലെ നാഗ്‌പൂരിൽ എത്തിയിരുന്നു. നിദയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു മന്ത്രി വി ശിവൻകുട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വെെദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പ്രധാനമായും സംശയിക്കുന്നത്.