എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജന്.ഇ പി ജയരാജന് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സിപിഐ എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം ആരോപിച്ചു
ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതായിട്ടായിരുന്നു വാർത്ത. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പിക്കെതിരായ സാമ്പത്തിക ആരോപണം എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞതായാണ് വാർത്തകള്‍ വന്നത്. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഇതാണ് പി ജയരാജന് ഇപ്പോള്‍ തള്ളിയത്.