പക്ഷിപ്പനി: അഴൂരില്‍ കോഴിമുട്ട, ഇറച്ചി എന്നിവയ്ക്ക് നിരോധനം

0
10

പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനമുള്ള ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല,അഴൂര്‍ പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകള്‍ ,വളർത്തുക്ഷികള്‍ എന്നിവയുടെ വില്പന ,കൈമാറ്റം എന്നിവയും ജില്ലാ കളക്ടര്‍ നിരോധിച്ചു. പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടതും കൊന്നൊടുക്കിയതമായ പക്ഷികള്‍ക്കും നശിപ്പിക്കപ്പെട്ട മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തു നില്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി നാല് കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.