അഞ്ചു മിനുട്ട് വൈകി സ്കൂളിലെത്തിയ കുട്ടികള്‍ക്ക് നേരെ ക്രൂരമായ ശിക്ഷാ നടപടി. 25 ഓളം വിദ്യാര്‍ത്ഥികളെ സ്കൂള്‍ കോംപൗണ്ടില്‍ നിന്ന് പുറത്താക്കി ഗെയ്റ്റ് അടച്ചു. എടത്വ സെന്റ് അലോഷ്യസ് സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ റോഡില്‍ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. സ്ഥിരം വൈകുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്ന് പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വർഗീസ് പറഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ആണ് സ്കൂളിൽ ബെൽ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ട്. ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികൾ. അതുകൊണ്ടാണ് സ്കൂളിൽ നിന്നും പുറത്താക്കി ഗേറ്റ് അടച്ചതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾ അഞ്ചുമിനുട്ട് വൈകിയതിനാണ് ഈ ക്രൂരത എന്ന് രക്ഷിതാക്കൾ പറഞ്ഞു.