കോന്നി അപകടം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കോന്നിയില്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തില്‍ നിന്നും മൊഴിയെടുത്ത ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങും. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. അലക്ഷ്യമായാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസിയുടെ സ്പീഡ് ഗവേര്‍ണര്‍ മുറിഞ്ഞ നിലയിലായിരുന്നുവെന്നും ബസിന് ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് കിഴവളളൂര്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പളളിയുടെ കമാനം തകര്‍ന്ന് ബസിന് മുകളിലേക്ക് വീഴുകയും ചെയ്തു. കോണ്‍ക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടെയാണ് അപകടത്തിന്റെ തോത് കൂടിയത്. അപകടത്തില്‍ പരുക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.