സ്പീക്കറുടെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധം; തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം

0
19

നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെയാണ് ബഹളമുണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.എം എൽ എമാരെ വലിച്ചിഴച്ച് മാറ്റാൻ ശ്രമമുണ്ടായി. ഇതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥർ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ചാലക്കുടി എം എൽ എ ടി ജി സനീഷ് കുമാറിനെ കയ്യേറ്റം ചെയ്തതായും പ്രതിപക്ഷം ആരോപിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സനീഷ് കുമാർ കുഴഞ്ഞു വീണു. നിയമസഭയിലെ ഡോക്ടർമാർ എത്തി അദ്ധേഹത്തെ പരിശോധിച്ചു. തുടർന്ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പീക്കറെ സംരക്ഷിക്കാൻ ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തിയതോടെ പ്രതിപക്ഷ- ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വനിതാ എം എൽ എമാരെ കയ്യേറ്റം ചെയ്തു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വടകര എം എൽ എ കെ കെ രമയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.