കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കോവിഡ് മുന്നറിയിപ്പ്

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നിവ ഊർജിതമാക്കണമെന്ന് കേന്ദ്രസർക്കാർ കത്തിൽ വ്യക്തമാക്കി.

ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്’, ആരോഗ്യ സെക്രട്ടറിയുടെ കത്തിൽ പറയുന്നു. സംസ്ഥാനം കർശനമായ നിരീക്ഷണം പാലിക്കേണ്ടതുണ്ടെന്നും വ്യാപനം തടയാൻ പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ച് ആവശ്യമെങ്കിൽ മുൻകൂർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.

രാജ്യത്ത് 700 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,623 ആയി