ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

0
30

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലക്കലിന് സമീപം ഇലവുങ്കലില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരത്തുനിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.  ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം ഇവര്‍ തിരിച്ചുപോവുകയായിരുന്നു. ഏഴ് കുട്ടികളും വയോധികരും ഉള്‍പ്പെടെ 61 പേരാണ് ബസിലുള്ളത്.

ഇലവുങ്കല്‍-എരുമേലി റോഡില്‍ മൂന്നാം വളവിൽ വച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. വളവുതിരിയുന്നതിടെ നിയന്ത്രണം വിട്ട ബസ് ഒരുവശത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.

ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.