എലത്തൂര്‍ തീവണ്ടി ആക്രമണം; പ്രതിയെ മാലൂര്‍ക്കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ചു, ചോദ്യം ചെയ്യുന്നു

0
15

എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യുന്നു. കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി എഡിജിപി എംആര്‍ അജിത്ത് കുമാറും ഐജി നീരജ് കുമാറും പൊലീസ് ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയും ക്യാമ്പിലെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചത്. കേരളാ പൊലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പുലര്‍ച്ചെ മൂന്നരയോടെയാണ് വാഹനം കേടായത്. ഒരു മണിക്കൂറിലേറെ പ്രതിയുമായി വഴിയില്‍ കിടന്നു.പുലര്‍ച്ചെയോടെ പ്രതിയുമായി കോഴിക്കോട് എത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ ടയര്‍ പഞ്ചറായതോടുകൂടി പ്രതിയും അന്വേഷണസംഘവും വഴിയില്‍ കുടുങ്ങി. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് യാത്ര തുടര്‍ന്നത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു ഷാരൂഖ്. ഇയാളുടെ മുഖം വെള്ളത്തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. വാഹനത്തിനുളളില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടി.