എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നുമാണ് അനിൽ ആൻറണി അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനും സന്നിഹിതനായിരുന്നു. കാവി ഷോളണിയിച്ചാണ് അനിലിനെ ബിജെപി നേതൃത്വം സ്വീകരിച്ചത്.

ഇന്ന് സന്തോഷകരമായ ദിനമാണ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാപന ദിവസമാണ്. ഈ ദിവസം തന്നെ അനില്‍ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ വിഷയങ്ങളിലെ നിലപാടുകളിലൂടെ നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിലപാടുകള്‍ എടുത്തിരുന്ന ആളാണ് അനില്‍ ആന്റണി. കോണ്‍ഗ്രസിലായിരുന്ന സമയത്തും അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് ബിജെപിയുടെ കുടക്കീഴില്‍ വരാന്‍ സന്നദ്ധരാകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.