വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തി. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്നാണ് ട്രയൽ റൺ ആരംഭിച്ചത്. 50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് ട്രെയിൻ കൊല്ലത്തെത്തിയത്. കൊല്ലത്തു നിന്ന് 6.05ന് ട്രെയിന്‍ പുറപ്പെട്ടു. 7.26 ന് കോട്ടയത്തെത്തി. രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തെത്താന്‍ എടുത്ത സമയം. ട്രെയിന്‍ എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 17 മിനിറ്റെടുത്തു. 8.28 നാണ് എറണാകുളം നോർത്തിലെത്തിയത്.
9.37 ന് തൃശൂരിലെത്തി. 5.10 ന് പുറപ്പെട്ട ട്രെയിന്‍ 11.16 ന് ആണ് കോഴിക്കോടെത്തിയത്. നിരക്കും സ്റ്റോപ്പുകളും സംബന്ധിച്ച ഷെഡ്യൂൾ ഇന്ന് പുറത്തിറങ്ങിയേക്കും. ഈ മാസം 22ന് ട്രയൽ റൺ നടത്തുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ വന്ദേഭാരതിന് സാധിക്കും.