12 കാരന്റെ മരണം കൊലപാതകമെന്ന് സംശയം

0
33

കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതാണ് മരണ കാരണമെന്ന് തെളിഞ്ഞു.മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേര്‍ത്തതെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മകന്‍ ഇത് കഴിക്കുകയായിരുന്നു. താഹിറക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരും തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്.