പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍ എത്തും. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് കൊച്ചി നാവികവിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും. തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുക. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂ.

എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കും. വൈകീട്ട് ഏഴിന് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള വളപ്പില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രതീക്ഷിച്ച ജനമെത്തിയിരുന്നില്ല. ഇതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊച്ചിയിലെ പരിപാടികളുടെ സംഘാടനം.