ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിർമ്മാതാക്കളുടെ പരാമർശത്തിൽ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. നിർമ്മാതാക്കളുടെ യോഗത്തിൽ ചർച്ച ചെയ്യാത്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് അതൃപ്തിക്ക് കാരണം. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് കൈമാറണമെന്നത് ഇന്നലത്തെ യോഗത്തിൽ ചർച്ചയായില്ലെന്നാണ് വിവരം. ഫെഫ്കയുടെ അതൃപതി നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചിട്ടുണ്ട്. നടന്മാരായ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് പ്രധാനമായും ചർച്ച നടത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് നൽകിയാൽ തെളിവ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചു. അത് മറ്റുളളവരും അംഗീകരിക്കുകയായിരുന്നുവെന്നും ഫെഫ്ക വൃത്തങ്ങൾ വ്യക്തമാക്കി.