കോഴിക്കോട്: ഐ.എൻ.എൽ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മന്ത്രി അഹമദ് ദേവർകോവിൽ നേതൃത്വം നൽകുന്ന വിഭാഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഇടത് മുന്നണി നേതാക്കൾക്കും പരാതി നൽകുമെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മയിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് എന്നിവർ പ്രസ്താവിച്ചു.
അടിസ്ഥാനരഹിതമായ പരാതികൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നൽകുന്നത് മന്ത്രി അഹമദ് ദേവർകോവിൽ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പതിവാക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ നൽകിയ പരാതികളെല്ലാം തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ തള്ളപ്പെട്ടിരുന്നു. കോഴിക്കോട് ടൗൺ, വടകര പോലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികൾ നൽകിയിട്ടുള്ളത്. പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും, പൊതുസമൂഹത്തിൽ ഇടതുമുന്നണിയെയും ഐഎൻഎലിനെയും അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.