N k പ്രേമചന്ദ്രൻ്റെ സഭയിലെ ചോദ്യം ആർക്ക് വേണ്ടി

0
12

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് എഴുതിയത് :

എൻകെ പ്രേമചന്ദ്രൻ:

സർ,
സംസ്‌ഥാനങ്ങളെ സംബന്ധിച്ച് അതിപ്രധാനമായ ഒരു കാര്യമാണ് ഞാൻ ഉന്നയിക്കുന്നത്.

മാഡം, ഒരു കാര്യത്തിൽ ചിത്രത്തിന് കൃത്യത വരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.

ജി എസ് ടി നഷ്ടപരിഹാരം, റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് എന്നിവ കൃത്യമായി വിതരണം ചെയ്യുന്നില്ല എന്ന് പറഞ്ഞു ഒരു വിധം എല്ലാ സംസ്‌ഥാനങ്ങളും, പ്രത്യേകിച്ച് എന്റെ സംസ്‌ഥാനമായ കേരളവും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.

അതുകൊണ്ടാണ് എന്റെ സംസ്‌ഥാനത്തു പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപവച്ചു സെസ്സ് പിരിക്കാൻ നിർബന്ധിതമായത് എന്നാണ് സംസ്‌ഥാന സർക്കാർ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ടു വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ്. സംശയത്തിന്റെ ഈ പുകമറ നീക്കാനുള്ള ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ഇതാണ് എന്ന് ഞാൻ കരുതുന്നു;

ഇന്റെഗ്രിറ്റഡ് ജി എസ ടി പൂളിൽനിന്നു സംസ്‌ഥാനങ്ങളുടെ അഭ്യർത്ഥനപ്രകാരം ഐ ജി എസ് ടി വിഹിതം കേന്ദ്രം വിതരണം ചെയ്യുകയാണ് പതിവ്.

ഐ ജി എ സ് ടി ഇനത്തിൽ വർഷംതോറും കേരളത്തിന് കിട്ടാനുള്ള അയ്യായിരം കോടി രൂപ കുടിശ്ശിക ആയിട്ടുണ്ട് എന്ന് കേരളത്തിലെ എക്സ്പെൻഡിച്ചർ കമ്മിറ്റി വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് വാർത്തയുണ്ട്.

ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയിൽനിന്നു എനിക്കറിയാനുള്ള കാര്യങ്ങൾ ഇവയാണ്:

കേരളം കഴിഞ്ഞ അഞ്ചു വർഷമായി ഐ ജി എ സ് ടി ഇനത്തിൽ എത്ര കോടി രൂപ ക്ലെയിം ചെയ്തിട്ടുണ്ട്?

എത്ര കോടി രൂപ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്?

റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തിൽ കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് എത്ര കോടി രൂപ നൽകിയിട്ടുണ്ട്?

ഇവയാണ് എന്റെ കൃത്യമായ ചോദ്യങ്ങൾ.

താങ്ക് യു സർ.

***

നിർമ്മലാ സീതാരാമൻ:

സർ,

ഇത് പറഞ്ഞുബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്; കാരണം ഇത് മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

എന്നുവച്ചാൽ, ഇതെങ്ങനെയാണ് സംഭവിക്കുന്നത്? എങ്ങിനെയാണ് ഞങ്ങൾക്ക് സമയത്തിനു പണം കിട്ടുന്നില്ല എന്ന് സംസ്‌ഥാനം പറഞ്ഞുനടക്കുന്നത്?

ജി എസ് ടി അവതരിപ്പിച്ചതിനുശഷമുള്ള രേഖകൾ പരിശോധിച്ചതിനുശേഷം എനിക്ക് പറയാനുള്ളത് ഇതാണ്:

ജി എസ ടി നഷ്ടപരിഹാരത്തിനായുള്ള അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ രേഖകൾ 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 വർഷങ്ങളിൽ …സഭയുടെ വിലയേറിയ സമയം എടുത്തു എനിക്കിങ്ങനെ ഓരോ വർഷവും എടുത്തുപറയുന്നതിൽ ഖേദമുണ്ട്, ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ എ ജി സാക്ഷ്യപ്പെടുത്തിയ സ്റ്റേയ്റ്റ്‌മെന്റുകൾ ഒരൊറ്റ വര്ഷം എങ്കിലും കേരളം തന്നിട്ടുണ്ടോ? എന്നിറ്റാണ് സമയത്തിനു നഷ്ടപരിഹാരം നൽകിയിട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നത്. ഒരൊറ്റ വർഷം എങ്കിലും രേഖകൾ തന്നിട്ടുണ്ടോ?

എനിക്ക് പ്രേമചന്ദ്രൻ ജിയോട്, അദ്ദേഹം വളരെ മുതിർന്ന അംഗമാണ്, എനിക്കദ്ദേഹത്തോട് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്, അങ്ങ് ദയവുചെയ്ത് ഈ സ്റ്റേയ്റ്റ്‌മെന്റുകൾ എല്ലാം ഒരുമിച്ചാണെങ്കിലും അയച്ചുതരണമെന്ന് സംസ്‌ഥാന സർക്കാരിനോട് അഭ്യർത്ഥിക്കണം. ഞാൻ അങ്ങേയ്ക്കു ഉറപ്പുതരുന്നു, ആ സ്റ്റേയ്റ്റ്‌മെന്റുകൾ കിട്ടിയാൽ ഒരു ന്യായമായ സമയത്തിനുള്ളിൽ നഷ്ടപരിഹാരക്കുടിശ്ശിക കൊടുത്തുതീർക്കും.

ഒരൊറ്റ വർഷം നിങ്ങൾ സ്റ്റേയ്റ്റ്‌മെന്റുകൾ തന്നിട്ടുണ്ടോ? ഒരൊറ്റ വർഷം? എന്നിറ്റാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്.

ഇനി റെവന്യൂ ഡെഫിസിറ്റ് കൊമ്പൻസേഷന്റെവ കാര്യത്തിൽ, സംസ്‌ഥാനങ്ങൾക്കു സാധാരണ ഒരു ഗഡുവാണ് കൊടുക്കാറുള്ളത്; ഈ മാസവും രണ്ടു ഗഡുക്കൾ കൊടുത്തിട്ടുണ്ട്; കേരളത്തിനും അതിന്റെ ഗുണം ലഭിക്കും.

***

എന്തൊക്കെയാണ് ശ്രീമാൻ പ്രേംചന്ദ്രൻജിയും ശ്രീമതി നിർമ്മലാജിയും കൂടി ചർച്ച ചെയ്യുന്ന വിഷയങ്ങൾ?

ഒന്ന്: ജി എസ് ടി നഷ്ടപരിഹാരം: ജി എസ് ടി നടപ്പാക്കുമ്പോൾ ഉത്പാദക സംസ്‌ഥാനങ്ങൾക്കു നികുതിവരുമാന നഷ്ടം ഉണ്ടാകും എന്നായിരുന്നു ധാരണ. മാത്രമല്ല പുതിയ നികുതിസംവിധാനം വരുമാനത്തിൽ ചോർച്ചയുണ്ടാക്കും എന്ന് എല്ലാ സംസ്‌ഥാനങ്ങളും സംശയിച്ചു.

ആ ആശങ്ക ഒഴിവാക്കാൻ അവതരിപ്പിച്ച സംവിധാനമാണ് ജി എ സ് ടി നഷ്ടപരിഹാരം. അതനുസരിച്ച് 2014-15 അടിസ്‌ഥാനവര്ഷമായി കണക്കാക്കി നികുതിവരുമാനത്തിൽ ഓരോ വർഷവും 14% വച്ച് വർദ്ധനവ് ഉണ്ടായില്ലെങ്കിൽ അങ്ങിനെ വരുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തികൊടുക്കും.

അഞ്ചുവര്ഷത്തേക്കാണ് ഈ സംവിധാനം; 2022 ൽ നഷ്ടപരിഹാരം നൽകേണ്ട കേന്ദ്രത്തിന്റെ ചുമതല അവസാനിച്ചു.

കേരളത്തിന് ആകെ കിട്ടാനുള്ളത് 42,639 കോടി രൂപയാണെന്നും ഈയിനത്തിൽ 41,779 കോടി ലഭിച്ചു എന്നും ഇനിയാകെ 776 കോടി രൂപ മാത്രമേ കിട്ടാനുള്ളൂ എന്നും ധനകാര്യമന്ത്രി ബാലഗോപാൽ പറയുന്നു.

എന്നുവച്ചാൽ ജി എസ് ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നൊരു കേസ് ബാലഗോപാലിനില്ല.

ഐ ജി എസ് ടി: നമ്മൾ കൊടുക്കുന്ന ജി എസ് ടി യിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് സ്റ്റേറ്റ് ജി എസ് ടി; രണ്ട് ഐ ജി എസ് ടി. ഇതിൽ രണ്ടിലും പകുതി കേന്ദ്രത്തിനാണ്. സ്റ്റേറ്റ് ജി എസ് ടിയിൽ പകുതി കേന്ദ്രം എടുത്തിട്ടു ബാക്കി പകുതി സംസ്‌ഥാനത്തിന്‌ തരും. ഒന്നിലധികം സംസ്‌ഥാനങ്ങൾക്കു വീതം വവയ്‌ക്കേണ്ടിവരുന്ന GST ആണ് IGST. അതിൽ പകുതി കേന്ദ്രം പിരിക്കുകയും രണ്ടാമത്തെ പകുതി അത് കിട്ടേണ്ട സംസ്‌ഥാനങ്ങൾക്കു കേന്ദ്രം വീതിച്ചു നൽകുകയും ചെയ്യും.

ഈയിനത്തിൽ, അതായതു കേന്ദ്രം പിരിച്ചു സംസ്‌ഥാനങ്ങൾക്കു നൽകേണ്ട ഇനത്തിൽ വർഷം തോറും 5000 കോടി രൂപ കുടിശ്ശികയുണ്ട് എന്നാണ് കേരളത്തിലെ എക്സ്പെൻഡിച്ചർ കമ്മിറ്റി കണ്ടെത്തി എന്ന് റിപ്പോർട്ടുണ്ടെന്നാണ് ശ്രീ പ്രേമചന്ദ്രൻ പറഞ്ഞത്.

റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്: ധനകാര്യ കമ്മീഷന്റെ കണക്കുപ്രകാരമുള്ള നികുതിവിഹിതം കൊടുത്തുകഴിഞ്ഞാലും റവന്യൂ കമ്മിയുള്ള സംസ്‌ഥാനങ്ങൾക്കു കേന്ദ്രസർക്കാർ ഒരു ഫോർമുലയുടെ അടിസ്‌ഥാനത്തിൽ ഗ്രാന്റായി പണം നൽകും.

***

മുതിർന്ന പാർലമെന്റംഗമായ ശ്രീ പ്രേമചന്ദ്രൻ കൃത്യമായി മൂന്ന് ചോദ്യങ്ങളാണ് നിർമ്മലാജിയോട് ചോദിച്ചത്. എനിക്ക് ശ്രീ പ്രേമചന്ദ്രനോടുള്ള കൃത്യമായ മൂന്ന് ചോദ്യങ്ങൾ ഇവയാണ്.

ഒന്ന്: ജി എസ് ടി നഷ്ടപരിഹാരം കിട്ടുന്നില്ല എന്ന് കേരള ധനമന്ത്രിയ്ക്കില്ലാത്ത പരാതി അങ്ങേയ്ക്കെങ്ങിനെ വന്നു?

രണ്ട്: ജി എസ് ടി നഷ്ടപരിഹാരം കിട്ടാത്തതുകൊണ്ടാണ് പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തിയത് എന്ന് കേരളം പറഞ്ഞോ?

മൂന്ന്: കേരളത്തിന് പരാതിയുള്ള ഐ ജി എസ് ടിയെക്കുറിച്ച് അങ്ങ് ചോദിച്ചിട്ടു കേരളത്തിന് പരാതിയില്ലാത്ത ജി എസ് ടി നഷ്ടപരിഹാരത്തെക്കുറിച്ച് നിർമ്മലാജി പറഞ്ഞത് അങ്ങ് വളരെ സംതൃപ്തിയോടെ കേട്ടിരിക്കുന്നത് കണ്ടു. പിന്നെ അത് മുറിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; പത്രസമ്മേളനവും നടത്തി. ഒക്കെ നല്ല കാര്യം.

പക്ഷെ ‘ഇവയാണ് എന്റെ കൃത്യമായ ചോദ്യങ്ങൾ’ എന്ന് പറഞ്ഞു അങ്ങ് ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം കിട്ടിയോ?

ഒരെണ്ണത്തിനെങ്കിലും?

എന്തിനായിരുന്നു സർ, ഈ നാടകം?