മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് മാറ്റി. രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇത് പിൻവലിക്കാനാണ് പുതിയ അപേക്ഷ. വിഷയം ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. 2013 ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ൽ വളയം പൊലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് യുഎപിഎ. പിന്നാലെ രൂപേഷ് ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ രൂപേഷിന് അനുകൂല ഉത്തരവുകൾ പുറപ്പടുവിക്കുകയായിരുന്നു. യുഎപിഎ അതോറിറ്റിയിൽ നിന്ന് പ്രോസിക്യുഷൻ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്.

ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി യുഎപിഎ വകുപ്പുകൾ പുനസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സർക്കാരിനോട് നിലപാട് തേടി. സെപ്റ്റംബർ 19നകം മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇത് പാലിച്ചാണ് മുൻ നിലപാട് തിരുത്തി സർക്കാർ അപേക്ഷ നൽകിയത്.

നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് രൂപേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനയാണ് ഭാര്യ. ഇരുവരും ഏറെക്കാലം ജയിലിലായിരുന്നു.