കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം ഇറങ്ങി. നാമനിര്‍ദ്ദേശ പത്രിക ഈ മാസം 30 വരെ സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ എട്ടാണ് .മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നായിരിക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
മത്സരിക്കാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും 26 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും.അതേസമയം, ഗെലോട്ട് കൊച്ചിയിലെത്തി സച്ചിന്‍ പൈലറ്റും ഗെലോട്ടും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഗെലോട്ട് അധ്യക്ഷനായാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ ഇരട്ടപദവി പാടില്ലെന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.
വോട്ടര്‍മാര്‍ക്ക് ക്യുആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്‍പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര്‍പട്ടിക. എന്നാല്‍, ആകെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടര്‍മാര്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തില്ല.