ബ്രഹ്മപുരം; നാളെ അടിയന്തര കൗണ്‍സില്‍

0
23

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ 11-ാം ദിവസവും തുടരുന്നു. കൊച്ചി നഗരത്തില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന പുകയ്ക്ക് നേരിയ ശമനമുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര കൗണ്‍സില്‍ ചേരും.തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ ഭരണകൂടം ഇന്നലെ അറിയിച്ചിരുന്നു. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് പ്രധാനമായും വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക ശമിപ്പിക്കുന്നത്.
ഹൈക്കോടതി നിയോഗിച്ച വിദഗ്ദ സമിതി ശനിയാഴ്ച്ച പ്ലാന്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പുകയണയ്ക്കാന്‍ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തീയും പുകയും പൂര്‍ണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.