കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയിൽ മോചിതനായി. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തത്തിലെ ഏഴാം പ്രതിയാണ് മണിച്ചൻ. പിഴ തുക അടയ്ക്കാതെ മണിച്ചനെ മോചിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മണിച്ചൻ കഴിയുന്ന തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ ഉത്തരവിന്റെ പകർപ്പ് എത്താത്തതിനാൽ ഇന്നലെ മോചനം സാധ്യമായില്ല. ഇന്ന് ഉത്തരവ് എത്തിച്ചതോടെ 22 വർഷത്തിനുശേഷം മണിച്ചൻ പുറത്തിറങ്ങി
നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ കെട്ടിവെക്കാത്തതിനാൽ ജയിലിൽ നിന്നിറങ്ങാൻ സാധിച്ചിരുന്നില്ല.
ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യ ഉഷയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പർഡിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2000 ഒക്ടോബർ 21 നായിരുന്നു കല്ലുവാതുക്കൽ ദുരന്തം