സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
26

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതീവ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ് അധികൃതർ. അതേസമയം ആലപ്പുഴ ചെറുതനയിൽ 400 ഏക്കർ പാടശേഖരത്തിൽ മട വീണ് കൃഷി പൂർണമായും നശിച്ചു. മഴ ശമിച്ചതിനെ തുടർന്ന് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴ്ന്നു. അതേസമയം ഈ മാസം 23 വരെയുള്ള എല്ലാ പരീക്ഷകളും സര്‍വകലാശാലകള്‍ മാറ്റിവെച്ചു.