സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പിനെ തുടർന്ന് മുന്നൊരുക്കങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അണക്കെട്ടുകളിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോടുകളും പുഴകളും കരകവിഞ്ഞു. കോട്ടയം കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് 13 പേരെ കാണാതായി.