തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ഇന്ന് രാവിലെ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് സംസ്ഥാനം കൂടുതൽ കരുത്ത് പകര്‍ന്നിരിക്കുകയാണ്.
രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ. നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്ന ആശയങ്ങളാണ് ഈ ഭേദഗതിയിലൂടെ നിയമ പ്രാബല്യം നേടിയിരിക്കുന്നത്. ഈ നിയമത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി എന്ന ഒറ്റ കാരണം കൊണ്ട് എല്ലാവരും ശിരസ്സാവഹിച്ചു കൊള്ളണമെന്ന് കല്‍പനകള്‍ പുറപ്പെടുവിക്കുന്നത് നമ്മുടെ ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ല. നമ്മള്‍ നമുക്കായി നല്‍കിയ ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമ പ്രധാനം. ഇതിലുപരിയായി ഒരു നിയമ നിര്‍മ്മാണത്തിനും സ്ഥാനം നല്‍കാന്‍ കഴിയില്ല എന്നാണ് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
കേരളത്തിന് മതനിരപേക്ഷതയുടെ മഹത്തായ ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് മുന്നോട്ടു വെയ്ക്കാന്‍ നിയമസഭയ്ക്ക് കഴിയണം. ആ പാരമ്പര്യത്തെ ഏറ്റു പിടിക്കുകയാണ് ഈ പ്രമേയത്തിലൂടെ കേരള നിയമസഭ ചെയ്യുന്നത്. മത വിദ്വേഷത്തിന്റെയല്ല, മതവിശ്വാസത്തെ ബഹുമാനിക്കുന്ന നമ്മുടെ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നത് കൂടിയാണ് ഈ പ്രമേയം. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാം അംഗീകരിക്കുന്ന പ്രമേയം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം നേടുമെന്നത് ഉറപ്പാണ്. പൗരത്വ നിയമ ഭേദഗതി 2019 റദ്ദ് ചെയ്ത് രാജ്യത്തെ ജനതയെ ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് മുറുകെ പിടിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം എന്നാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു കൊണ്ട് ആവശ്യപ്പെട്ടത്.