അബ്ദുല്‍ വഹാബിനെ പുറത്താക്കി ഐ എന്‍ എൽ, നടപടി തള്ളിക്കളയുന്നതായി വഹാബ്

0
26

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന  പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ദേശീയ നേതൃത്വം . ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ്  ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വഹാബിനേയും സി പി നാസര്‍കോയ തങ്ങളെയും പുറത്താക്കിയത്. പാര്‍ട്ടിയുടെ പേരോ പതാകയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ടെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ബി ഹംസ ഹാജി അറിയിച്ചു.കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫീസുകളിലോ പ്രവേശിക്കരുതെന്നും യോഗം താക്കീത് നല്‍കി. രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുതെന്നും ഈ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി അത്തരക്കാര്‍ക്ക് ആറു വര്‍ഷത്തേക്ക് മെമ്പര്‍ഷിപ്പ് നല്‍കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയരാവേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ദേശീയ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളിക്കളയുന്നതായി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രതികരിച്ചു.  പ്രകോപനമുണ്ടാക്കി പാര്‍ട്ടിക്കും ഇടതുപക്ഷ മുന്നണിക്കും പേരുദോഷമുണ്ടാക്കാനുള്ള ഗൂഢോദ്ദേശവും ഇതിന്റെ പിന്നിലുണ്ട്. ഭിന്നത പരിഹരിക്കാനുള്ള എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദേശത്തെയാണ് ഇവര്‍ പരിഹാസ്യമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു