നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. ആദ്യം നോട്ടീസ് നൽകിയത് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്. എന്നാൽ ദിലീപിൻ്റെ അസൗകര്യം പരിഗണിച്ചാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി മുൻനിർത്തിയുള്ള തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകും ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തേ ഉന്നയിച്ചിരുന്നു.